Sunday 3 March 2019

Mobile Maveli Store

സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍

 

 


സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ
സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ നെട്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്റെ* നിവേദനത്തെ തുടര്‍ന്നാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍
ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്.    
തീരദേശ റെയിവെ പാതയ്ക്ക് പടിഞ്ഞാറ് കുണ്ടന്നൂര്‍ - തേവര മേല്പാത്തിനടിയിലാണ് മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.


സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ നിന്നും 
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കുന്നു.

ഇവിടത്തെ ആദ്യ വില്പന 2019 ഫെബ്രുവരി 23 ന് രാവിലെ 11.30 ന് ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളില്‍ ഇവിടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക്  ലഭ്യമാകും.
സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഉദ്ഘാടനം - 
എം.എസ്.അഗസ്റ്റിന്‍ സ്വാഗതം പറയുന്നു.

മരട് നഗരസഭ 31-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി.ജെ. ജോണ്‍സന്‍ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ വി.ജി. ഷിബുവിന് സാധനങ്ങള്‍ നല്കികൊണ്ട് ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസ്സോസിയേഷന്‍ നെട്ടൂര്‍ മേഖലാ വൈസ് പ്രസിഡണ്ട് എം.എസ്. അഗസ്റ്റിന്‍ സ്വാഗതവും നവജീവന്‍ പ്രസിഡണ്ട് സി.പി. ജോസഫ് നന്ദിയും പറഞ്ഞു.   
സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഉദ്ഘാടനം 
 കൗണ്‍സിലര്‍ വി.ജി. ഷിബു ഉദ്ഘാടനം ചെയ്യുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെട്ടൂര്‍ - തേവര ഫെറിയിലെ അമ്പല ക്കടവില്‍,സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ (ബോട്ട്) വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് മുടങ്ങിപ്പോയിരുന്നു.
കൗണ്‍സിലര്‍ പി.ജെ. ജോണ്‍സന്‍ 
കൗണ്‍സിലര്‍ വി.ജി. ഷിബുവിന് സാധനങ്ങള്‍ 
നല്കികൊണ്ട് ആദ്യ വില്പന ഉദ്ഘാടനം ചെയ്യുന്നു.
സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഉദ്ഘാടനം 
സി.പി. ജോസഫ് കൃതജ്ഞത പറയുന്നു.
 സമീപം സോണ്‍ ഖജാന്‍ജി കനകം ഉമാസുധന്‍
നാള്‍വഴി
19.12.2018 : എറണാകുളം ഗാന്ധിനഗര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകൊ) ജനറല്‍ മാനേജര്‍ക്ക്  വെസ്റ്റ് സോണ്‍ അംഗങ്ങളായ 553 കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനം നല്കുന്നു.
നിവേദനം നല്കിയവര്‍ :  
1.           എം.എസ്. അഗസ്റ്റിന്‍ (നെട്ടൂര്‍ മേഖല വൈസ് പ്രസിഡണ്ട്)
2.           അഗസ്റ്റിന്‍ ആല്‍ബര്‍ട്ട് (നെട്ടൂര്‍ വെസ്റ്റ് സോണ്‍ കണ്‍വിനര്‍)
3.           ജയാ ജോസഫ് (ജോയിന്റ് കണ്‍വിനര്‍)
4.           കനകം ഉമാസുധന്‍ (ഖജാന്‍ജി)
നിവേദനം സ്വീകരിച്ചുകൊണ്ട്, സപ്ലൈകോ മാര്‍ക്കറ്റിംഗ് അസിസ്റ്റ് മാനേജര്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ അനുവദിക്കാമെന്ന് പറഞ്ഞു. പിന്നീട് ജനുവരിയില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഞാന്‍ ഈ ഓഫീസില്‍ ചെന്നപ്പോള്‍ നിവേദനം കൊച്ചി സപ്ലൈ ഓഫീസിലേക്ക് അയച്ചതായും അവിടെ നിന്നുമാണ് നെട്ടൂരേക്ക് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ വരുന്നതെന്നും  അറിയിച്ചു. തുടര്‍ന്ന് ഞാനും സി.പി. ജോസഫും അഗസ്റ്റിന്‍ ആല്‍ബര്‍ട്ടും  (ബിജു) കൂടി തോപ്പുംപടിയിലുള്ള കൊച്ചി ഡിപ്പോ മാനേജരുടെ അടുക്കല്‍ പോയി. രണ്ടാഴ്ചക്കുള്ളില്‍ സ്റ്റോര്‍ എത്തുമെന്നും ഡിപ്പോ മാനേജര്‍ പറഞ്ഞു.
16.02.2019 : ഞാനും സി.പി. ജോസഫും കൂടി വീണ്ടും കൊച്ചി ഓഫീസിലേക്ക്. അപ്പോഴേക്കും ഡിപ്പോ മാനേജര്‍ സ്ഥലം മാറിപ്പോയി. പുതിയ മാനേജരെ കണ്ടു. മാവേലി സ്റ്റോറിന്റെ റൂട്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എറണാകുളം ഓഫീസിലേക്ക് അയയ്ക്കാമെന്നും ഫെബ്രുവരി 23-ാം തീയതി സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ നെട്ടൂരില്‍ വരുമെന്നും അദ്ദേഹംഉറപ്പു നല്കി. 21-ാം തീയതി ഫോണ്‍ ചെയ്തപ്പോള്‍ റൂട്ട് ഇനിയും അപ്രൂവ് ചെയ്ത് ലഭിച്ചിട്ടില്ലയെന്ന് അറിഞ്ഞു.
22.02.2019 : സി.പി. ജോസഫുമൊത്ത് എറണാകുളം ഓഫീസിലെത്തി മാര്‍ക്കറ്റിംഗ് അസിസ്റ്റ് മാനേജരെ കണ്ടു. അന്ന് തന്നെ അവിടെനിന്നും ഉത്തരവ് കൈപ്പറ്റി, വീണ്ടും കൊച്ചി സ്റ്റോറിലേക്ക് ചെന്നു. അവര്‍ക്ക് ഇ-മെയിലില്‍ ഉത്തരവ് കിട്ടിയിരുന്നു. 23 ന് മാവേലി സ്റ്റോര്‍ വരുമെന്ന് പറഞ്ഞു.
സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ നെട്ടൂര്‍ റൂട്ട് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
23.02.2019 : സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി. നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. 125 പേര്‍ അന്ന് സാധനങ്ങള്‍ വാങ്ങിച്ചു. മുപ്പതിനായിരം രൂപയ്ക്കടുത്ത് കച്ചവടം നടന്നു.
 

നിവേദനത്തിന്റെ പൂര്‍ണ്ണരൂപം


ജനറല്‍ മാനേജര്‍,
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍,
(സപ്ലൈകൊ), ഗാന്ധിനഗര്‍, കൊച്ചി -682 020

സര്‍,
വിഷയം :   മാവേലി സ്റ്റോര്‍ ആരംഭിക്കുന്നത് സംബന്ധിച്ച്.

മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരിലുള്ള 30, 31 ഡിവിഷനുകളില്‍ പെട്ട 5 റെസിഡന്‍സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്‍സ് അസ്സോസിയേഷന്‍ ഈ പ്രദേശത്തെ പിന്നോക്കവാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതു പ്രകാരം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
എറണാകുളത്തു നിന്നും കായംകുളം വരെയുള്ള തീരദേശ റെയില്‍ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.  തീരദേശ റെയില്‍ പാത വന്നതിനു ശേഷം ഈ പ്രദേശത്തെ വാഹനങ്ങള്‍ പോകുന്ന റോഡുകളും നടവഴികളുമായി 10 ലേറെ വഴികള്‍ അടഞ്ഞു പോകുകയും നെട്ടൂരിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്തു. ഈ പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗങ്ങള്‍ കായലാണ്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു സ്ഥലമാണിത്.
ഒരു ലെവല്‍ ക്രോസ്സും ഒരു റെയില്‍വെ മേല്‍പാലവും ഉണ്ടെങ്കിലും ഇവ നെട്ടൂര്‍ വടക്കു ഭാഗത്തു നിന്നും വളരെ ദൂരെയാണ്.
ഈ പ്രദേശത്തുള്ളവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മറുവശത്തുള്ള റേഷന്‍ കടകളിലെത്തുവാന്‍ റെയില്‍പ്പാത കുറുകെ കടന്നു പോകേണ്ടിയിരിക്കുന്നു. തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഫ്ലാറ്റുഫോം പണിതിട്ടുള്ളതിനാല്‍ അത് കയറി അപ്പുറം കടക്കുക പ്രയാസമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും. റെയില്‍ കുറുകെ കടക്കുക അപകടം നിറഞ്ഞതുമാണ്. റെയില്‍ മറി കടക്കുമ്പോള്‍ ഏതാനും പേര്‍ ട്രെയിന്‍ തട്ടി മരണമടഞ്ഞിട്ടുമുണ്ട്.
ഈ പ്രദേശത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഒരു മാവേലി സ്റ്റോര്‍ ആരംഭിക്കുകയാണെങ്കില്‍ അത്, ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുവാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സഹായകരമായിരിക്കും.
മരട് മുനിസിപ്പാലിറ്റിയില്‍ ഇപ്പോള്‍ ഒരു മാവേലി സ്റ്റോറും നിലവിലില്ല. കുറെ നാളുകള്‍ക്ക് മുമ്പ് നെട്ടൂര്‍ - തേവര ഫെറിയിലെ അമ്പലക്കടവില്‍, സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ (ബോട്ട്) വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അത് മുടങ്ങിയിരിക്കുകയാണ്.
ആയതിനാല്‍ മുനിസിപ്പാലിറ്റിയുടെ 30, 31 ഡിവിഷനുകളില്‍ പെട്ട തീരദേശ റെയില്‍വെയുടെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് ഒരു മാവേലി സ്റ്റോര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. 
മാവേലി സ്റ്റോര്‍ വരുന്നതു വരെ ഈ പ്രദേശത്ത് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി മിതമായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും അപേക്ഷിക്കുന്നു.


വിശ്വസ്തതയോടെ,


1.   സിറിയക് ഷാല്‍ബി
ചെയര്‍മാന്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9961432256)
2.   അഗസ്റ്റിന്‍ ആല്‍ബര്‍ട്ട്
കണ്‍വിനര്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9447174684)
3.   എം.എസ്. അഗസ്റ്റിന്‍
വൈസ് പ്രസിഡന്റ്, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍
(Mob. 9895127576)

പകര്‍പ്പ്

1.   ശ്രീ. എം. സ്വരാജ്, തൃപ്പൂണിത്തുറ എം.എല്‍.എ.,
2.   സെക്രട്ടറി, മരട് നഗരസഭ.,
3.   ശ്രീമതി. സുനിലാ സിബി, ചെയര്‍ പേഴ്‍‍സന്‍, മരട് നഗരസഭ.,
4.   ശ്രീ. ഷിബു വി.ജി., കൗണ്‍സിലര്‍, 30-ാം ഡിവിഷന്‍, മരട് നഗരസഭ.,
5.   ശ്രീ. പി.ജെ. ജോണ്‍സന്‍, കൗണ്‍സിലര്‍, 31-ാം ഡിവിഷന്‍, മരട് നഗരസഭ.
              
                          

* മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരിലുള്ള 30, 31 ഡിവിഷനുകളില്‍ പെട്ട നെട്ടൂര്‍ വെസ്റ്റ്, എ.പി.ജെ. അബ്ദുള്‍ കലാം, തപസ്യ, നവജീവന്‍, കൃപ എന്നീ റെസിഡന്റ്സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയാണ് നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍