Thursday 27 December 2018

നെട്ടൂര്‍ റെസിഡന്റസ്

Basic Development of Nettoor


 മരട് നഗരസഭയിലെ  30, 31 ഡിവിഷനുകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്  നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷനിലെ  547 കുടുംബാംഗങ്ങള്‍ ഒപ്പിട്ട് നഗരസഭയ്ക്ക് 2018 ഡിസംബര്‍ 22ന് നല്കിയ നിവേദനം.
മരട് മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‍സന്‍ ശ്രീമതി സുനിലാ സിബിക്ക് നെട്ടൂര്‍ മേഖല റെസിഡന്‍സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. എം.എസ്. അഗസ്റ്റിന്‍ നിവേദനം നല്കുന്നു, ശ്രീ. സി.പി. ജോസഫ് (പ്രസിഡന്റ്, നവജീവന്‍ റെസിഡന്റസ് അസ്സോസിയേഷന്) സിറിയക് ഷാല്‍ബി (ചെയര്‍മാന്‍, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റസ് അസ്സോസിയേഷന്) എന്നീവര്‍ സമീപം (ഫോട്ടോ: ആല്‍ബര്‍ട് അഗസ്റ്റിന്‍, കണ്‍വിനര്‍, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റസ് അസ്സോസിയേഷന്)
 

നിവേദനത്തിന്റെ പൂര്‍ണ്ണരൂപം



സെക്രട്ടറി,
മരട് മുനിസിപ്പാലിറ്റി,
മരട്.

മരട് മുനിസിപ്പാലിറ്റിയിലെ  30, 31 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിലെ തീരദേശ റെയില്‍പ്പാതയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള 5 റെസിഡന്‍സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്‍സ് അസ്സോസിയേഷന്‍ ഈ പ്രദേശത്തെ പിന്നോക്കവാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇവ  പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. നെട്ടൂര്‍ വടക്കു ഭാഗത്ത് പൊതുവെയും ഈ പ്രദേശത്തെ പ്രത്യേകിച്ചും ബാധിക്കുന്ന കാര്യങ്ങള്‍ നഗരസഭയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
മുനിസിപ്പാലിറ്റിയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു സ്ഥലമാണിത്. ഈ പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗങ്ങള്‍ കായലാണ്.  ഏകദേശം ആയിരത്തിനടുത്ത് വീടുകള്‍ ഇവിടെയുണ്ട്.
നെട്ടൂരിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നടവഴികളും വാഹനങ്ങള്‍ പോകുന്ന റോഡുകളുമായി 10 ലേറെ വഴികള്‍ ഇവിടെയുണ്ടായിരുന്നു. എറണാകുളത്തു നിന്നും കായംകുളം വരെയുള്ള തീരദേശ റെയില്‍പ്പാത വന്നതോടെ ഈ വഴികള്‍ അടഞ്ഞു പോകുകയും നെട്ടൂരിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഈ പ്രദേശം ഒറ്റപ്പെടുകയും ചെയ്തു.
പകരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരത്ത് ഒരു ലെവല്‍ ക്രോസ്സും ഒന്നര കിലോ മീറ്റര്‍ ദൂരത്ത് ഒരു ഓവര്‍ബ്രിഡ്ജും വന്നു. ഇവ നെട്ടൂര്‍ വടക്കുഭാഗത്തു നിന്നും വളരെ ദൂരെയാണ്. മാത്രവുമല്ല, ഓവര്‍ബ്രിഡ്ജിനടിയിലെ റോഡ് കാറുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും യാത്രാസൗകര്യമുള്ളതുമല്ല.
റെയില്‍പ്പാതയും കായലുകളുമായതിനാല്‍ നാഷണല്‍ ഹൈവെ 47എ. യുടെ പാലം, മുനിസിപ്പാലിറ്റിയിലെ കുണ്ടന്നൂരില്‍ നിന്നാരംഭിച്ച് കൊച്ചിന്‍ കോര്‍പ്പറേഷനിലെ തേവരയിലേക്ക് നേരിട്ട് കടന്നു പോകുന്നു. ഈ പാലം നെട്ടൂരിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണമായും നെട്ടൂരിനെ തൊട്ടു കടന്നു പോകേണ്ട പാലത്തിന്റെ തൂണുകള്‍ മാത്രമാണ് നെട്ടൂരില്‍ തൊടുന്നത്. 
എന്‍.എച്ച്. 47എ. യില്‍ നെട്ടൂര്‍ നിവാസികള്‍ക്ക് പാലത്തില്‍ കയറുന്നതിനായി എഴുപ്പത്തിരണ്ടും അറുപത്തിയാറും പടികളുള്ള 2 കോണ്‍ക്രീറ്റ് പടിക്കെട്ടുകള്‍, യഥാക്രമം റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറു ഭാഗത്തും കിഴക്കു ഭാഗത്തും നിര്‍മ്മിച്ചിട്ടുണ്ട്. പാലത്തിലെ ഈ 2 സ്റ്റെപ്പുകളുമാണ് നെട്ടൂരിന്റെ വടക്ക് പ്രദേശത്തുള്ളവര്‍ക്ക് നിലവില്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗം. കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും പാലത്തിലൂടെ സര്‍വ്വീസ്  നടത്തുന്നുണ്ട്. രണ്ടു സ്റ്റെപ്പുകളുടേയും ഭാഗത്ത് ബസ് സ്റ്റോപ്പുകളുമുണ്ട്.
ഈ സ്റ്റെപ്പുകള്‍ കയറിയാണ് മരട് മുനിസിപ്പാലിറ്റിയുടെ 1, 30, 31, 33 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ തേവര, എറണാകുളം, തോപ്പുംപടി, കുണ്ടന്നൂര്‍, മരട്, വൈറ്റില, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, വൈക്കം, മൂവാറ്റുപുഴ, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത്. 
ഈ പ്രദേശത്തെ പരിഹരിക്കപ്പെടേണ്ട ഏതാനും ആവശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
        
1. എന്‍.എച്ച്. 47 എ. യിലെ അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച്.   
          നാഷണല്‍ ഹൈവെ 47 എ. പാലത്തിന്റെ വടക്കുവശത്താണ് സ്റ്റെപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ തെക്കുവശത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനും ബസ് സ്റ്റോപ്പില്‍ നിന്നും സ്റ്റെപ്പിലേക്ക് വരുന്നതിനും റോഡ് കുറുകെ കടക്കേണ്ടതുണ്ട്. 
എന്നാല്‍ ആളുകള്‍ സീബ്രാ ലൈനിലൂടെ റോഡ്  കുറുകെ കടക്കുമ്പോഴും വാഹനങ്ങള്‍ നിറുത്താതെ വേഗത്തില്‍ ഓടിച്ചു പോകുന്നു. ഇത് അനവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സ്ക്കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയേറെ ഭയത്തോടെയാണ് ഈ റോഡ് പാലം  കുറുകെ കടക്കുന്നത്.
എന്‍.എച്ച്. 47എ. യ്ക്ക് സമാന്തരമായി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും നെട്ടൂരേക്ക് ഒരു പാലവും റെയില്‍പാതയ്ക്ക് മുകളിലൂടെ മറ്റൊരു പാലവും ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. റെയില്‍പാതയ്ക്ക് മുകളിലൂടെയുള്ള പാലത്തിന് വീതി വളരെ കുറവായതിനാല്‍ ഒരു കാറിനും ഒരു ടു വീലറിനും കഷ്ടിച്ച് കടന്നു പോകുവാന്‍ മാത്രം വീതിയേയുള്ളു. ബസ്  സര്‍വ്വീസിനെ ആശ്രയിച്ചു കൊണ്ടുള്ള യാത്രയ്ക്ക്  എന്‍.എച്ച്. 47എ.യിലെ ഈ പാലത്തിലൂടെ തന്നെ പോകേണ്ടിയിരിക്കുന്നു.
ആയതിനാല്‍ എന്‍.എച്ച്. 47എ. പാലത്തിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്ക് താഴെ പറയുന്ന പരിഹാരങ്ങള്‍ സമര്‍പ്പിക്കുന്നു.‌  
1.    2 സ്റ്റെപ്പുകളിലും അപായ സിഗ്നലുകള്‍ സ്ഥാപിക്കുക.
2.    പാലത്തില്‍ സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുക.
3.    ഇപ്പോഴുള്ള സ്റ്റെപ്പിന്റെ എതിര്‍ വശത്ത്, പാലത്തിന്റെ തെക്കു വശത്ത് ഓരോ പടിക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കുക.
ഇവ നടപ്പിലാക്കുന്നതിന് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

2. മാവേലി സ്റ്റോര്‍ ആരംഭിക്കുന്നത് സംബന്ധിച്ച്.  
തീരദേശ റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറ് പ്രദേശത്തുള്ളവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മറുവശത്തുള്ള റേഷന്‍ കടകളിലെത്തുവാന്‍ റെയില്‍ കുറുകെ കടന്നു പോകേണ്ടിയിരിക്കുന്നു. തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഫ്ലാറ്റുഫോം പണിതിട്ടുള്ളതിനാല്‍ അത് കയറി അപ്പുറം കടക്കുക പ്രയാസമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും. റെയില്‍ കുറുകെ കടക്കുക അപകടം നിറഞ്ഞതുമാണ്. റെയില്‍ മറിക്കടക്കുമ്പോള്‍ ഏതാനും പേര്‍ ട്രെയിന്‍ തട്ടി മരണമടഞ്ഞിട്ടുമുണ്ട്. റെയില്‍പാതയ്ക്ക് മുകളിലൂടെ മറ്റൊരു പാലം ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും കുത്തനെയുള്ള ചരിവും ഒരു കാറിന് കടന്നു പോകുവാന്‍ മാത്രം വീതിയുമുള്ള ഈ പാലത്തിലൂടെ കാല്‍നടയാത്ര അപകടകരമാണ്. 
മരട് മുനിസിപ്പാലിറ്റിയില്‍ ഇപ്പോള്‍ ഒരു മാവേലി സ്റ്റോര്‍ നിലവിലില്ല. കുറെ നാളുകള്‍ക്ക് മുമ്പ് നെട്ടൂര്‍ തേവര ഫെറിയിലെ അമ്പലക്കടവില്‍, സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ (ബോട്ട്) വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അത് മുടങ്ങിയിരിക്കുകയാണ്.
ഈ പ്രദേശത്ത് റേഷന്‍കടയോ സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മാവേലി സ്റ്റോറോ ആരംഭിക്കുകയാണെങ്കില്‍ അത്, ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുവാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സഹായകരമായിരിക്കും. 
മരട് മുനിസിപ്പാലിറ്റിയുടെ 30-ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന എ.പി.ജെ. അബ്ദുള്‍കലാം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കുകയും അതില്‍ മാവേലി സ്റ്റോറിനും റേഷന്‍കടയ്ക്കും സൗകര്യം നല്കാവുന്നതുമാണ്.
ആയതിനാല്‍ 30, 31 ഡിവിഷനുകളില്‍ പെട്ട തീരദേശ റെയില്‍വെയുടെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത്, ഒരു മാവേലി സ്റ്റോര്‍ തുടങ്ങുന്നതിനും  മാവേലി സ്റ്റോര്‍ വരുന്നതു വരെ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി മിതമായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.  

3. തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷന്‍  
എറണാകുളം – കായംകുളം തീരദേശ റെയില്‍പ്പാതയില്‍ മുനിസിപ്പാലിറ്റിയിലെ നെട്ടൂരില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണ് തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷന്‍. എറണാകുളം ജംഗ്ഷനില്‍ നിന്നും 4.5 കിലോമീറ്റര്‍ ദൂരമാണ് ഈ സ്റ്റേഷനിലേക്ക് ഉള്ളത്.
ഈ സ്റ്റേഷന്‍ വന്നപ്പോള്‍ ഇവിടെ നിന്നും ട്രെയിനില്‍ എറണാകുളത്തേയ്ക്കും ആലപ്പുഴ, കായംകുളം, കൊല്ലം ഭാഗത്തേയ്ക്കും യാത്ര ചെയ്യുന്നതിന് വളരെ സൗകര്യമായിരുന്നു. എന്നാല്‍ 2017 ജൂലൈയില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നിറുത്തലാക്കിയതിനെ തുടര്‍ന്ന് ഈ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിറുത്താതെയായി.
എറണാകുളത്തുനിന്നും ആലപ്പുഴ, കായംകുളം, കൊല്ലം ഭാഗത്തേയ്ക്കും തിരിച്ചും പോകുന്ന 8 ട്രെയിനുകള്‍ക്ക് ഈ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടായിരുന്നു. അവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. 

തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിറുത്തിയിരുന്ന ട്രെയിനുകളും സമയവും.


ഈ സ്റ്റേഷനില്‍ നിന്നും നെട്ടൂര്‍ നിവാസികളെ കൂടാതെ സമീപ പ്രദേശങ്ങളായ കുണ്ടന്നൂര്‍, മരട്, തേവര എന്നിവിടങ്ങളിലെ യാത്രക്കാരും ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലേക്കുള്ള ട്രെയിനില്‍ കയറിയിരുന്നു. അതുപോലെ, ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി എന്‍.എച്ച്. 47എ. ഹൈവെയില്‍ നിന്നും ബസ്സിന് മരട്, തൃപ്പൂണിത്തുറ, തേവര എന്നീ സ്ഥലങ്ങളിലേക്കും പോയിരുന്നു.
എന്നാല്‍ ഇവരെല്ലാവരും തിരുനെട്ടൂര്‍ സ്റ്റേഷനില്‍ നിന്നും സീസണ്‍ ടിക്കറ്റ് എടുക്കുന്നില്ല. പലരും എറണാകുളത്തു നിന്നാണ് സീസണ്‍ ടിക്കറ്റ് എടുക്കുന്നത്. ആലപ്പുഴ ഭാഗത്തുനിന്നുള്ളവരാകട്ടെ, എറണാകുളം വരെയാണ് യാത്രയുടെ അവസാന സ്റ്റേഷന്‍ കാണിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിനു മുമ്പ് ഇവിടെ ഫ്ലാറ്റു ഫോമും നിര്‍മ്മിച്ചിരുന്നു.
വളരെയേറെ സാദ്ധ്യതകളുള്ളതാണ് ഈ റെയില്‍വേ സ്റ്റേഷന്‍. കൊച്ചി ബൈപ്പാസിലെ (എന്‍.എച്ച്. 47), കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും നെട്ടൂരേക്ക് ഒരു പാലം ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് കൊച്ചി ബൈപ്പാസില്‍ നിന്നും നേരിട്ട് തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലേക്ക് ട്രെയിനില്‍ പോകുവാന്‍ സാധിക്കും. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്  സ്റ്റേഷനില്‍ നിന്നും മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളിലേയ്ക്കും യാത്ര ചെയ്യുവാന്‍ സൗകര്യമായിരിക്കും.
കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോയുടെ ഒരു ജെട്ടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം  നെട്ടൂര്‍ - തേവര ഫെറിയില്‍ വിമലഹൃദയ ദേവാലയത്തിനു സമീപം ആരംഭിച്ചിരിക്കുന്നു. വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു കഴിഞ്ഞാല്‍ ഈ ജെട്ടിയില്‍ നിന്നും സര്‍വ്വോദയം റോഡ്, അമ്പലക്കടവ് - കേട്ടെഴുത്ത് കടവ് റോഡ്, നെട്ടൂര്‍ പി.ഡബ്ല്യു.ഡി. റോഡ് എന്നീ റോഡുകളിലൂടെ തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാം.  തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരത്തുള്ള ലെവല്‍ ക്രോസ്സ് റെയില്‍ മേല്പാലമാക്കുകയാണെങ്കില്‍ യാത്രാ സൗകര്യം വര്‍ദ്ധിക്കുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുനഃസ്ഥാപിക്കുന്നതിലൂടെ എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ തിരക്കു കുറയ്ക്കുവാന്‍ കാരണമാകുകയും ചെയ്യും. 
കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റേഷന്‍ കരാര്‍ പുതുക്കി എടുക്കുവാന്‍ ആളില്ലാതെയായതിനാലാണ് നിറുത്തലാക്കിയതെന്നും കൗണ്ടര്‍ നടത്തിപ്പിന് മരട് നഗരസഭയുടെ ചെലവില്‍ ആളെ വെയ്ക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചുവെന്നും അറിയുവാന്‍ കഴിഞ്ഞു.
അടച്ചു പൂട്ടിയ ചില സ്റ്റേഷനുകള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്ന് റെയില്‍വെ പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (മലയാള മനോരമ 15.05.2018).
ആകയാല്‍ മരട് മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത്   തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുവാനും നേരത്തെ നിറുത്തിയിരുന്ന ട്രെയിനുകള്‍ ഈ സ്റ്റേഷനില്‍ നിറുത്തി  നെട്ടൂര്‍ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. 

4. തീരദേശ റോഡ്   
ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന തടസ്സം വീതിയുള്ള റോഡില്ലായെന്നതാണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മരിയാ ഗൊരേറ്റി പബ്ലിക്ക് സ്ക്കൂളിലെ കുട്ടികളുടെ യാത്രാ വാഹനങ്ങള്‍ കടന്നു പോകുന്നത് ജോര്‍ജ് ജോര്‍ജ് റോഡിലൂടെയാണ്. വലിയ സ്ക്കൂള്‍ ബസുകള്‍ക്ക് ഈ റോഡിലൂടെ പോകുവാനുള്ള സൗകര്യവുമില്ല. രാവിലെയും വൈകിട്ടും സ്ക്കൂളിലേക്കുള്ള വാഹനങ്ങളുടെ തിരക്കായിരിക്കും ഈ റോഡില്‍. രണ്ട് നാലുചക്രവാഹനങ്ങള്‍ക്ക് കഷ്ടിച്ചു മാത്രമെ ഈ റോഡിലൂടെ കടന്നു പോകുവാന്‍ പറ്റുകയുള്ളു. ഇതിനു സമാന്തരമായുള്ള സര്‍വ്വോദയം റോഡ് ഈ റോഡിനേക്കാള്‍ വീതി കുറഞ്ഞതുമാണ്. ഇതിലൂടെ ഒരു കാര്‍ വരികയാണെങ്കില്‍ എതിര്‍ ഭാഗത്തു നിന്നും വരുന്ന മറ്റു വാഹനങ്ങള്‍ റിവേഴ്‌സെടുത്ത് റോഡിലെ സൗകര്യമുള്ള എവിടെയെങ്കിലും നിറുത്തേണ്ടി വരുന്നു.
നെട്ടൂരിന് പുറത്ത്, മറ്റു സ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികളും ഇവിടെയുണ്ട്. ആ സ്ക്കൂള്‍ ബസുകള്‍ റോഡിന് വീതിയില്ലാത്തതിനാല്‍ അമ്പലകടവിനു വടക്കോട്ട് വരാറില്ല. ഈ പ്രദേശത്ത് നടക്കുന്ന വിവാഹ അടിയന്തിരങ്ങളില്‍ മറ്റു സ്ഥലത്തു നിന്നുമുള്ളവര്‍ക്ക്  വലിയ വാഹനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നുമില്ല.   
ഈ ഭാഗത്ത് അമ്പലം (അറക്കല്‍ ശ്രീ മഹാകാളി ക്ഷേത്രം), അമ്പലത്തിനോട് ചേര്‍ന്ന് ഒരു ഹാള്‍,  ക്രിസ്ത്യന്‍ പള്ളി (വിശുദ്ധ കുരിശിന്റെ ദേവാലയം), ഹൈസ്ക്കൂള്‍ (സെന്റ് മരിയാ ഗൊരേറ്റി പബ്ലിക്ക് സ്ക്കൂള്‍), ഏതാനും ബാലവാടികള്‍, കോണ്‍വെന്റ് (പാഷണിസ്റ്റ് സിസ്റ്റേഴ്‌സ്), സെമിത്തേരി തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്.  
ഈ പ്രദേശത്ത് അഗ്നിബാധയുണ്ടായാല്‍ ഫയര്‍ ആന്റ് റെസ്ക്കു സര്‍വ്വീസ് വാഹനങ്ങള്‍ കടന്നു വരാനുള്ള സൗകര്യം ഇവിടത്തെ റോഡുകള്‍ക്കില്ല.  റെയില്‍പാതയ്ക്ക് മുകളിലൂടെ ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ പാലത്തിന് വീതി വളരെ കുറവുമാണ്.
നെട്ടൂരിന്റെ പടിഞ്ഞാറ് കായല്‍തീരത്തു കൂടി മേല്പാലം മുതല്‍ കുമ്പളംനെട്ടൂര്‍ പാലം വരെയുള്ള വീതിയുള്ള ഒരു തീരദേശറോഡ് നിര്‍മ്മിക്കുകയാണെങ്കില്‍ നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കാവുന്നതാണ്. കുണ്ടന്നൂര്‍-നെട്ടൂര്‍ പാലം തുറന്നു കഴിയുമ്പോള്‍ നെട്ടൂര്‍ പി.ഡബ്ല്യു.ഡി. റോഡിലുണ്ടായേക്കാവുന്ന വാഹനത്തിരക്ക് കുറയ്ക്കുന്നതിനും  ഈ റോഡ് സഹായകരമായിരിക്കും
മാത്രവുമല്ല, നെട്ടൂര്‍ - തേവര ഫെറിയില്‍ വിമലഹൃദയ ദേവാലയത്തിന്റെ സ്ഥലത്ത് കൊച്ചി വാട്ടര്‍ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനം  ആരംഭിച്ചിരിക്കുന്ന ജെട്ടിയിലേക്കുള്ള യാത്രയ്ക്കും ജെട്ടിയില്‍ നിന്നും തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനും ഈ റോഡ് പ്രയോജനകരമായിരിക്കും.
ആയതിനാല്‍ ഈ തീരദേശ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.                                                                      
ഈ നിവേദനത്തിന്റെ പകര്‍പ്പ്  മരട് നഗരസഭ ചെയര്‍ പേഴ്‍‍സന്‍ ശ്രീമതി. സുനിലാ സിബി, മരട് നഗരസഭ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീ. ഷിബു വി.ജി, മരട് നഗരസഭ 31-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീ. പി.ജെ. ജോണ്‍സന്‍ എന്നിവര്‍ക്ക് നല്കിയിട്ടുണ്ട്.

നിവേദനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ 

ചെയര്‍ പേഴ്‍സന്‍ ശ്രീമതി. സുനിലാ സിബി ക്ക് നല്കിയ നിവേദനം ആമുഖകത്ത്
ചെയര്‍ പേഴ്‍സന്‍ ശ്രീമതി. സുനിലാ സിബി ക്ക് നല്കിയ നിവേദനം ആമുഖകത്ത്
മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്


മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്

മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്

മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്

മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്


- റെസിഡന്റസ് അസ്സോസിയേഷനിലെ മറ്റ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനത്തിലെ ഭാഗങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ബ്ലോഗില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു.