Thursday, 19 February 2026

Devasth vili

 

 

 

ദേവാസ്ത്‌ വിളി

 - എം.എസ്. അഗസ്റ്റിന്‍

 

അവന്‍ തന്റെ പന്ത്രണ്ട് ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.(മത്തായി 10:1)

 

നെട്ടൂര്‍ ദേവാസ്ത് വിളി സംഘം

ഒരു കാലത്ത് കേരളത്തിലെ തീരപ്രദേശങ്ങളില്‍നിന്നും ഉച്ചസ്ഥായിയിലുള്ള ദേവാസ്ത്ഗീതങ്ങളുടെ ആലാപനം ഒഴുകിവന്നിരുന്നു. വലിയ നോമ്പുകാലരാത്രികളുടെ നിശ്ശബ്ദതയിലൂടെ നാടുമുഴുവന്‍ പരന്ന ആ ഗീതങ്ങളെ, ദേവാസ്ത്‌വിളിയെ ഭയഭക്തികളോടെയാണ് ആളുകള്‍ ശ്രവിച്ചിരുന്നത്.

നോമ്പുകാലത്തെ വിശുദ്ധിയും സഹനവും മനഃപരിവര്‍ത്തനവും ഓര്‍മ്മിപ്പിക്കുന്ന ഒരു ക്രൈസ്തവ അനുഷ്ഠാന കലാരൂപമാണ് ദേവാസ്ത്‌വിളി (Devotional call). ഒരു കലാരൂപമെന്നതിനേക്കാള്‍ ദേവാസ്ത്‌വിളി ഒരു പ്രാര്‍ത്ഥനയും ദൈവവചനപ്രഘോഷവുമാണ്. ഈശോമിശിഹായുടെ പീഢാനുഭവങ്ങളേയും കുരിശു മരണത്തേയും ഉയിര്‍പ്പിനെയും അന്ത്യവിധിയേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന  സ്വര്‍ഗ, നരകങ്ങളെയും കുറിച്ച് ഉറക്കെ പ്രഘോഷിക്കുകയും സുവിശേഷത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ദേവാസ്ത‌വിളി, ദേവാസ്‌വിളി, ദേവാസവിളി എന്നെല്ലാം അറിയപ്പെടുന്ന ദേവാസ്ത‌്‌വിളിയിലൂടെ ഈ വചനപ്രഘോഷണം നിര്‍വ്വഹിക്കുന്നത് ലത്തീന്‍ കത്തോലിക്കരാണ്.

 

വിശ്വാസം

ദൈവനാമത്തില്‍ ദുഷ്ടാരുപികളില്‍നിന്നും വിടുതല്‍ നല്‍കുന്ന ഒരു മന്ത്രമൊ, പ്രാര്‍ത്ഥനയൊ ആയിട്ടാണ് ദേവാസ്ത്‌വിളിയെ പൊതുവെ കരുതുന്നത്. ദേവാസ്ത്‌വിളിക്ക് ഒരു വിശുദ്ധീകരണശക്തിയുണ്ട്. സാത്താനെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച സൈന്യമെന്നാണ് ദേവാസ്ത്‌വിളിസംഘങ്ങളെ ആദ്യകാലങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. ദുരന്തോന്മുഖമായ സംഭവങ്ങള്‍ നടക്കുന്ന വീടുകളില്‍ ദേവാസ്ത്‌ വിളിക്കുകയാണെങ്കില്‍ സമാധാനവും ശാന്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം. ആള്‍പാര്‍പ്പില്ലാത്തതൊ പൈശാചികശക്തികളുടെ ശല്യമുള്ളതായി കരുതുന്ന പറമ്പുകളിലൊ ദുഷ്ടാത്മക്കളുടെ ബാധയുള്ളതെന്നു കരുതുന്ന വീടുകളിലൊ ആയിരുന്നു ഒരു കാലത്ത് ദേവാസ്ത്‌വിളി നടന്നിരുന്നത്.

 

ആരംഭം

16-ാം നൂറ്റാണ്ടിലാണ് ദേവാസ്ത്‌വിളി ആരംഭിച്ചത്. അക്കാലത്ത് കൊച്ചിയില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ (1506-1552) പോര്‍ച്ചുഗീസ് ഭാഷയില്‍ ദേവാസ്ത്ഗീതങ്ങള്‍ എഴുതി. ഇത് പിന്നീട് മലയാളത്തിലേക്കും, തമിഴിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി.

മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ട്. ഒന്നാമത്തേത് സംസ്‌കൃതപദങ്ങള്‍ ധാരാളമുള്ള മലയാള ദേവാസ്ത് ഗീതമാണ്. ഈ ഗീതത്തെ സംസ്‌കൃത ദേവാസ്ത്  അഥവാ വലിയ ദേവാസ്ത് എന്നു പറയുന്നു. രണ്ടാമത്തേത് തനിമലയാളപദങ്ങള്‍ നിറഞ്ഞ മലയാള ദേവാസ്ത് അഥവാ  ചെറിയ ദേവാസ്താണ്.  തമിഴ് പദങ്ങളിലുള്ള ഗീതം തമിഴ് ദേവാസ്താണ്.  സംസ്കൃതം, മലയാളം ദേവാസ്ത് വിളികളാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. ഫോര്‍ട്ട് വൈപ്പിനില്‍ പോര്‍ച്ചുഗീസിലും കോതാട് തമിഴിലും ദേവാസ്ത് വിളിക്കുന്നുണ്ട്.

വളരെ ഉയര്‍ന്ന സ്വരത്തില്‍ രാത്രിയിലാണ് ദേവാസ്ത് വിളിക്കുന്നത്. ഷെമാ യിസ്രായേൽ (Shema Yisrael) എന്ന യഹൂദ പ്രാര്‍ത്ഥനയാണ് ദേവാസ്ത്‌ഗീത പ്രഘോഷണത്തിന്റെ പ്രാഗ് രൂപം. യഹൂദർ  രാവിലെയും വൈകുന്നേരവും ചൊല്ലുന്ന പ്രാർഥനയാണ്, ഇസ്രായേലേ, കേൾക്കുക" എന്നര്‍ത്ഥമുള്ള ഷെമാ യിസ്രായേൽ. ബി.സി. 200നോടടുത്ത് ജറുസലേം ദേവാലയത്തിലാണ് ഇത് പാരായണം ചെയ്തുതുടങ്ങിയത്. ഷെമാ യിസ്രായേലിന്റെ ആലാപനരീതിയാണ് ദേവാസ്ത്‌വിളിയുടെത്. മുസ്ലീം പള്ളികളിലെ ബാങ്ക് വിളിക്കും ഇതിനോട് സാമ്യമുണ്ട്.

 

വിളിക്കുന്ന സമയവും രീതിയും

അമ്പതുനോമ്പാരംഭിക്കുന്ന വിഭൂതി ബുധനാഴ്ച ദേവാസ്ത്‌വിളി ആരംഭിക്കുന്നു. വെള്ളിയാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച അവധി നല്കികൊണ്ട്, ആഴ്ചയില്‍ ബാക്കി ആറു ദിവസവും ദേവാസ്ത്‌ വിളിച്ചിരുന്നു.  വിളിക്കാരെല്ലാവരും പ്രായഭേദമെന്യെ നോമ്പെടുത്ത് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ദേവാസ്ത്‌ വിളിച്ചിരുന്നത്. എത്ര ദൂരെയാണെങ്കിലും പാദരക്ഷകള്‍ ഉപയോഗിക്കാതെ, നടന്ന് ജപമാല ചൊല്ലിയാണ് ദേവാസ്ത്‌ വിളിക്കുവാന്‍ പോകാറുള്ളത്. പഴയ കാലത്ത് ദേവാസ്ത്‌ വിളിച്ചിരുന്നത് രാത്രി വളരെ വൈകി, അര്‍ദ്ധരാത്രികളിലാണ്.* ഇത് ഒരുപക്ഷെ, പൈശാചികശക്തികള്‍ ഇറങ്ങുന്നുവെന്നു കരുതുന്ന ഒരു സമയമാണല്ലൊ.

ദേവാസ്ത്‌ വിളിക്കാന്‍ പോകുമ്പോഴും വിളിച്ച് തിരികെ വരുമ്പോഴും സംസാരിക്കുകയൊ പുറകിലേക്ക് നോക്കുകയൊ ചെയ്യരുതെന്നാണ് നിഷ്ഠ. അങ്ങിനെചെയ്താല്‍ പൈശാചികശക്തികള്‍ ദേവാസ്ത്‌വിളിയെ തടസ്സപ്പെടുത്തുകയൊ വിളിക്കാരെ ഉപദ്രവിക്കുമെന്നൊ കരുതുന്നു.

-------------------------------------------------------------

(*എന്നാല്‍ ഇന്ന് ഇതത്ര കര്‍ശ്ശനമായി പാലിക്കാറില്ല. ഇപ്പോള്‍ പത്തുമണിക്കുശേഷം ദേവാസ്ത്‌ വിളിക്കാറില്ല. ദേവാസ്ത്‌ വിളിക്കുന്ന സ്ഥലം ദൂരെയാണെങ്കില്‍, അവിടേക്ക് വാഹനങ്ങളിലാണ് പോകുന്നത്.)

ദേവാസ്ത് വിളിസ്ഥലത്തേക്ക് സംഘം പോകുന്നു

ദേവാസ്ത്‌വിളി സംഘത്തിന്റെ മുമ്പില്‍ നടക്കുന്നയാള്‍ കൈയില്‍ കത്തിച്ച മെഴുകുതിരി പിടിച്ചിരിക്കും. ഇത് വിശ്വാസത്തിന്റെ പ്രതീകമാണ്. അതിനു പിന്നിലായി തോളില്‍ കുരിശ് ചുമന്നുകൊണ്ട് മറ്റൊരാള്‍. അവര്‍ക്ക് പുറകിലായി മറ്റു സംഘാംഗങ്ങള്‍. ഇങ്ങിനെ ഒറ്റവരിയായി നടന്ന് സംഘം ദേവാസ്ത്‌ വിളിക്കുന്ന സ്ഥലത്തെത്തുന്നു.

വിളിക്കുന്ന സ്ഥലത്തെ മണ്ണില്‍ മരക്കുരിശ് ഉറപ്പിച്ച് നിറുത്തുന്നു. ഭൂമിയിലുള്ള എല്ലാ അശുദ്ധിയും ഇല്ലാതാക്കാനാണ് കുരിശ് ഭൂമിയില്‍ ഉറപ്പിച്ച് നിറുത്തുന്നത്. തുടര്‍ന്ന് കുരിശില്‍ കൈകള്‍പിടിച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് മെഴുകുതിരി വെളിച്ചത്തില്‍ ദേവാസ്ത്‌വിളി ആരംഭിക്കുന്നു. ദേവാസ്ത് വിളിക്കുമ്പോള്‍ എല്ലാവര്‍ക്കും കുരിശില്‍ പിടിക്കുവാന്‍ സൗകര്യമില്ലെങ്കില്‍ കുരിശില്‍ പിടിച്ചിരിക്കുന്നയാളുടെ തോളില്‍ കൈവെച്ചുകൊണ്ടാണ് ദേവാസ്ത് വിളിക്കുന്നത്.

കൈമണി കിലുക്കികൊണ്ട് ദേവാസ്ത്‌വിളി ആരംഭിക്കുന്നു. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ.., നന്മനിറഞ്ഞ മറിയമെ.., ത്രീത്വസ്തുതിഎന്നീ പ്രാര്‍ത്ഥനകള്‍ക്കുശേഷം സംഘത്തിലെ ഒരാള്‍ ദേവാസ്ത് ഗീതത്തിലെ ആദ്യ രണ്ടു വരികള്‍ ചൊല്ലുന്നു. തുടര്‍ന്നുള്ള ഈരടികള്‍ സംഘത്തിലെ ഓരോരുത്തരും മാറിമാറി ചൊല്ലി വിളി പൂര്‍ത്തിയാക്കുന്നു.

43 ഈരടികളാണ് സംസ്‌കൃത ദേവാസ്ത്ഗീതത്തിലുള്ളത്. 28-ാം ഈരടി വരെ, നാല് ഈരടികള്‍ കഴിയുമ്പോള്‍  'സ്വര്‍ഗസ്ഥനായ. . ., നന്മനിറഞ്ഞ മറിയമെ. . ., ത്രീത്വസ്തുതി' എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. വിളി അവസാനിപ്പിക്കുന്നതും ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ്.

കൈമണി

ഓരോ പ്രാര്‍ത്ഥനകള്‍ക്കും ശേഷം കൈമണി കിലുക്കുന്നു. ഓട്ടുമണിയാണ് സാധാരണ ദേവാസ്ത്‌വിളിയില്‍ ഉപയോഗിക്കുന്നത്. വിശുദ്ധവാരത്തില്‍ ഓട്ടുമണിക്കു പകരം മരമണി ഉപയോഗിക്കുന്നു.

ദേവാസ്ത്‌വിളി ആരംഭിച്ചാല്‍ മുഴുവനും തീരാതെ വിളി നിറുത്തുവാന്‍ പാടില്ലെന്ന് നിര്‍ബ്ബന്ധമാണ്.  പലപ്പോഴും ദേവാസ്ത്‌വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ തുടങ്ങുന്ന പെരുംമഴയത്തും വലിയകാറ്റിലും നിറുത്താതെ വിളി തുടര്‍ന്ന അനുഭവങ്ങള്‍ ഈ ലേഖകനുണ്ട്. 

 

പ്രതിപാദ്യം

വലിയദേവാസ്ത്**

പാവനാ പരിപൂര്‍ണ്ണ പുണ്യ പൂരമേ

മനുഷ്യാവനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.

മര്‍ത്ത്യജാതികള്‍ക്കായ് മനുജകാരം പൂണ്ട്

പൃഥ്വിയില്‍ അവതാരം ചെയ്ത കര്‍ത്താവെ ജയാ... എന്ന് യേശുക്രിസ്തുവിനെ സ്തുതിച്ചുകൊണ്ടുള്ള ഈരടികളാണ് ആദ്യത്തേത്. തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയേയും കന്യകാമറിയത്തിന്റെ അമലോത്ഭവത്തേയും സ്തുതിച്ചുകൊണ്ടുള്ള വരികളാണ്. ഗഥ്സേമിന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥനയും പീഢാനുഭവങ്ങളും കുരിശുമരണവും ഉയിര്‍പ്പും ആത്മാക്കളുടെ അന്ത്യവിധിയും  മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക്  ലഭിക്കുന്ന  സ്വര്‍ഗനരകങ്ങളും പ്രതിപാദിക്കുന്ന വരികളാണ് തുടര്‍ന്നുള്ളത്. സമാപനത്തില്‍,

ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ

ഈ ലോകവാസികളെ അനുഗ്രഹിക്കണമേ...എന്ന ഈരടി, ഒരാള്‍ ആദ്യവരിയും അടുത്തയാള്‍ രണ്ടാമത്തെ വരിയും ചൊല്ലുന്നു.  ഇത് മൂന്നുപ്രാവശ്യം ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് വിളിക്കാര്‍ എല്ലാവരുംകൂടി ഒരുമിച്ച്,

സര്‍വ്വ വല്ലഭാ, ദൈവസുതനീശോ, നമോ നമോ... എന്ന് ആലപിച്ചുകൊണ്ട് വലിയ ദേവാസ്ത്‌വിളി അവസാനിക്കുന്നു.

 

കൈമണി

ചെറിയ ദേവാസ്ത്** 

അമ്പതോളം വരികളുള്ള മലയാളം ദേവാസ്ത്ഗീതം വിശുദ്ധ കുര്‍ബ്ബാനയെയും പരിശുദ്ധ കന്യാമറിയത്തെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്.

ദൈവ കൂദാശയാകുന്ന ശുദ്ധമാന കുർബ്ബാനയ്ക്കും

ഉത്ഭവ ദോഷമെന്നിയൊ ജനിക്കപ്പെട്ടു

കന്നി മറിയത്തിന്റെ ദിവ്യമായ ജനനത്തിന്നു 

സ്തുതിയും വാഴും പുകഴുമാകട്ടെ...തുടര്‍ന്ന് ജനങ്ങൾക്കും രാജാക്കന്മാർക്കും പ്രഭുക്കന്മാര്‍ക്കും ശുദ്ധമാന കത്തോലിക്ക റോമാവിശ്വാസത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ആലാപനങ്ങളാണ്. അന്ത്യവിധിയെയും  സ്വര്‍ഗനരകങ്ങളെ കുറിച്ചും ചെറിയ ദേവാസ്തിലും പരാമാര്‍ശിക്കുന്നുണ്ട്.  

 

 പട്ടാങ്ങയുടെ നാഥനെ കാരുണ്യം  

തന്റെ കാരുണ്യം ഞങ്ങൾക്കുണ്ടാകണമെ.. 

സകല നന്മയുടെ തമ്പുരാനെ... എന്ന്  പ്രാര്‍ത്ഥിച്ചുകൊണ്ട് ചെറിയ ദേവാസ്ത്‌വിളി അവസാനിക്കുന്നു.

ഏകദേശം ഇരുപത് മിനിട്ടോളം ദൈര്‍ഘ്യമുണ്ട് ദേവാസ്ത്‌വിളിക്ക്. 

 

പദോല്പത്തിയും അര്‍ത്ഥവും 

ഭക്തി എന്ന് അര്‍ത്ഥമുള്ള ''ദെവോവോസിയോ''(Devovotio) എന്ന ലത്തീന്‍ പദത്തിന്റെ ചുരുങ്ങിയ രൂപമായ ''ദേവോസിയോ'' (Devotio) എന്ന പദത്തില്‍നിന്നുമാണ് 'ദേവാസ്ത' എന്ന പദത്തിന്റെ ഉത്ഭവം. വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, സമര്‍പ്പിക്കുക  എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം.

പോര്‍ച്ചുഗീസ്ഭാഷയിലെ തത്തുല്യപദമാണ് ''ദേവോസാവൊ'' (Devoção). ഭക്തി, ഭക്ത്യാഭ്യാസം എന്നിങ്ങനെ അര്‍ത്ഥമുള്ള ഈ വാക്കില്‍ നിന്നും 'ദേവോതാം' (Devotão) എന്ന രൂപവും ഈ പദത്തില്‍ നിന്നും മലയാളത്തില്‍  'ദേവാസ' 'ദേവാസ്ത', 'ദേവോസ', എന്നിങ്ങനെയുള്ള രൂപങ്ങളും ഉണ്ടായി. 

നശിപ്പിക്കുക, ഒഴിപ്പിക്കുക എന്നൊക്കെ അര്‍ത്ഥം വരുന്ന മറ്റൊരു പോര്‍ച്ചുഗീസ്‌ വാക്കാണ് ''ദേവാസ്ത'' (Devasta). ഉറക്കെ വിളിക്കുന്നതിനാല്‍ വിളിയെന്ന പേര് കൂട്ടിചേര്‍ക്കപ്പെട്ടു. (ക്രൈസ്തവ ശബ്ദകോശം – ഡോ. ജോര്‍ജ് കുരുക്കൂര്‍).

 

നെട്ടൂര്‍ ദേവാസ്ത് സംഘം

ദേവാസ്ത്‌വിളിയില്‍ വരാപ്പുഴ അതിരൂപതയിലെ നെട്ടൂരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വെണ്ടുരുത്തിയില്‍ ദേവാസ്ത്‌ വിളിച്ചിരുന്നവരുടെ  തുടര്‍ച്ചയാണ് നെട്ടൂരിലെ ദേവാസ്ത്‌വിളി സംഘം. 

പി.സി. വര്‍ഗീസ്

വെണ്ടുരുത്തിലെ ദേവാസ്ത്‌വിളിക്കാരനായിരുന്ന പരേതനായ പി.സി. വര്‍ഗീസ് പനക്കല്‍ ആശാനും ശിഷ്യന്മാരുമാണ് നെട്ടൂരില്‍  ദേവാസ്ത്‌വിളി ആരംഭിച്ചത്. കൊച്ചി നേവല്‍ ബെയ്സിന് സ്ഥലമേറ്റെടുത്തതിനെ തുടര്‍ന്ന് വെണ്ടുരുത്തിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട വര്‍ഗീസ് ആശാനുള്‍പ്പെടെയുള്ള 250 ലേറെ ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങള്‍ 1942-44 കാലത്ത് നെട്ടൂരില്‍ താമസമാക്കി. നെട്ടൂര്‍ ഇടവക ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും കുടിയേറിയവരാണ്. നെട്ടൂര്‍ ദേവാസ്ത്‌ സംഘം സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലുള്ള ദേവാസ്ത് ഗീതങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളിച്ചുകൊണ്ടിരിക്കുന്നത് സംസ്‌കൃത ദേവാസ്താണ്. ഈ ലേഖകന്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് ഇപ്പോള്‍ സംഘത്തിലുണ്ട്.

വിഭൂതി ബുധനാഴ്ച, നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദൈവാലയനടയില്‍ വെച്ച് ദേവസ്ത്‌വിളി ആരംഭിക്കുന്നു. തുടര്‍ന്നുള്ള വിളികള്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ്. വിശുദ്ധവാരത്തില്‍ മൂന്നു വിളികളാണുള്ളത്. പെസഹാ വ്യാഴാഴ്ച സെമിത്തേരിയുടെ മുമ്പില്‍ ദേവാസ്ത്‌ വിളിക്കുന്നു. ദുഃഖവെള്ളിയാഴ്ച നെട്ടൂര്‍ വിമലഹൃദയ ദൈവാലയത്തിലെ വിളിയോടുകൂടി ആ വര്‍ഷത്തെ ദേവാസ്ത്‌വിളി സമാപിക്കുന്നു. പള്ളികളിലും കപ്പേളകളിലും കുടുംബയൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വീടുകളിലും ദേവാസ്ത്‌ വിളിക്കുന്നു.  

വരാപ്പുഴ അതിരൂപതാ ശതോത്തര ജൂബിലിയുടെ ഭാഗമായി നടത്തിയ 'അമ്മമരം' ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ (2012) നെട്ടൂര്‍ സംഘം ദേവാസ്ത്‌വിളി അവതരിപ്പിക്കുകയുണ്ടായി.

അമ്മമരം ഷോയില്‍നിന്നും

ലിയൊ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമയില്‍ (2022) ദേവാസ്ത്ഗീതങ്ങള്‍ ആലപിച്ചിരിക്കുന്നത് നെട്ടൂര്‍ ദേവാസ്ത് സംഘമാണ്. പള്ളികളിലും വീടുകളിലുമായി ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഏതാണ്ട് പതിനഞ്ചോളം സ്ഥലങ്ങളില്‍ നെട്ടൂര്‍ ദേവാസ്ത്‌വിളി സംഘം ദേവാസ്ത്‌ വിളിച്ചിട്ടുണ്ട്. 
 

നെട്ടൂര്‍ ദേവാസ്ത്വിളി സംഘം വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പിതാവിനും കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയപ്പറമ്പില്‍ അച്ചനോടുമൊപ്പം

ഇപ്പോഴത്തെ ദേവാസ്ത്‌ വിളി സംഘം (2023). നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദൈവാലയ വികാരി ഫാ. ഷെറിന്‍ ചെമ്മായത്തിനൊപ്പം (ഇടത്തുനിന്നും വലത്തോട്ട് - ജോണ്‍ പോള്‍, ജോസഫ് ജൂഡ് (ജോജോ), ടി.എസ്. ജോസഫ്ആല്‍വിന്‍ മാര്‍ട്ടീന്‍, പി.വി. ജസ്റ്റിന്‍ അലന്‍ പീറ്റര്‍, ആഷ്ബിന്‍ ആന്റണി, റോക്കി രഞ്ജു, എം.എസ്. അഗസ്റ്റിന്‍, ജെയ്ബി മാര്‍ട്ടീന്‍ ന്യൂനസ്,  കെ.പി. റോബര്‍ട്ട്.)

നെട്ടൂരിലെ ദേവാസ്ത് സംഘാംഗങ്ങള്‍ 2015ല്‍. (ഇടത്തുനിന്നും വലത്തോട്ട്)  

ജോസഫ് ചിന്നുജിബി ജോര്‍ജ്, വിധുന്‍ ബാബു, ജോസഫ് ജൂഡ് (ജോജോ),   

ജോണ്‍ പോള്‍, പി.വി. സെലസ്റ്റിന്‍, അഗസ്റ്റിന്‍ തട്ടാശ്ശേരിടി.എസ്. ജോസഫ്

 സെബാസ്റ്റിന്‍ ജോര്‍ജ്, ജെയ്ബി ന്യൂനസ്,   രഞ്ജു ജോണ്‍

ആഷ്ബിന്‍ ആന്റണിപി.വി. ജസ്റ്റീന്‍, എം.എസ്. അഗസ്റ്റിന്‍.

 
ദേവാസ്ത്‌ വിളിയുടെ Audio കേള്‍ക്കുന്നതിനും ദേവാസ്ത്‌ ഗീതങ്ങളുടെ Lyrics വായിക്കുന്നതിനും താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ click ചെയ്യുക.

1. വലിയ ദേവാസ്ത് വിളി (സംസ്കൃതം) Audio

2. വലിയ ദേവാസ്ത്‌ വിളി ഗീതം (സംസ്കൃതം) വരികള്‍

3. ചെറിയ ദേവാസ്ത്‌ വിളി ഗീതം (മലയാളം) വരികള്‍

 

(Mobile/WhatsApp - 98951 27576)

 



 

 

 










 

No comments:

Post a Comment